If I am really a part of your dream, you'll come back one day..

If I am really a part of your dream, you'll come back one day...

Search This Blog

Monday, January 18, 2010

വംഗ ദേശത്തെ ചുവപ്പിച്ച സൂര്യന്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു സൂര്യ തേജസ്സുകൂടി പൊലിഞ്ഞു. ഇന്ത്യയിലെ ഇടതുപക്ഷ ജനാതിപത്യ മതേതര രാഷ്ട്രീയ ധാരയുടെ ഏറ്റവും സമുന്നത പ്രതീകമായിരുന്നു സഖാവ് ജ്യോതി ബസു. ബംഗാളികളുടെ പ്രിയപ്പെട്ട 'ജ്യോതി ബാബു.' ജ്യോതി ബസുവിന്ടെ മരണത്തോടെ സംശുദ്ധ രാഷ്ട്രീയത്തിലെ ഒരു ശുഭ നക്ഷത്രം കൂടി ഇരുളടഞ്ഞു. ജീവിതകാലം മുഴുവന്‍ തന്ടെ നാടിനും, രാജ്യത്തിനും വേണ്ടി ജീവാര്‍പ്പണം ചെയ്ത്, കളങ്ക രഹിതനായി അവസാന ശ്വാസംവരെ മാതൃകാപരമായി പ്രവര്‍ത്തിച്ച ഒരു നല്ല കമ്മ്യുനിസ്റ്റിനെയാണ് സഖാവിന്ടെ വിയോഗത്തിലൂടെ ലോകത്തിനു നഷ്ടമായിരിക്കുന്നത്.

ജ്യോതിബസു ഇനി നമ്മോടൊപ്പം ഇല്ല. ഇതൊരു ശൂന്യത തന്നെയാണ്. പ്രത്യയശാസ്ത്രത്തെ ഉരുക്കുമുഷ്ട്ടിയാക്കി അനുയായികളെ നിര്‍ബന്ധപൂര്‍വം പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയോ, തളക്കുകയോ ചെയ്തു എന്ന് പല കമ്മ്യുണിസ്റ്റ് നേതാക്കളെയും കുറിച്ച് വിമര്‍ശകര്‍ അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍, ബസു തികച്ചും വ്യത്യസ്തനായിരുന്നു. ജനകീയ പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നു പോരാടി, പാവപ്പെട്ടവന്ടെയും, മര്‍ദിതന്‍ന്ടെയും മോചനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നു സഖാവിനെ വേറിട്ട്‌ നിര്‍ത്തുന്നത്. അതുകൊണ്ടുതന്നെയാണ് ലോകത്തുതന്നെ ബാലറ്റ് പേപ്പറിലൂടെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ കാല്‍ നൂറ്റാണ്ട് കാലത്തോളം അധികാരത്തില്‍ നില നിര്‍ത്താന്‍ സഖാവിനു കഴിഞ്ഞത്.

ജ്യോതിബസുവിനെ ഓര്‍ക്കുമ്പോള്‍ ഓര്‍ത്തുപോകുന്ന ഒരു പ്രയോഗമാണ് 'ചരിത്രപരമായ വിഡ്ഢിത്തം' എന്ന വാചകം. 1996 -ഇല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദം ബസുവിനെ തേടിയെത്തിയിരുന്നു. അദ്ധേഹത്തെ പ്രധാനമന്ത്രി പദത്തിലേക്ക് അയക്കാതിരുന്ന പാര്‍ടി തീരുമാനത്തോട് യോജിക്കാത്തവരായി ഇന്നും പാര്‍ട്ടിക്കകത്തും, പുറത്തുമായി നിരവധി പേര്‍ ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടി അന്നെടുത്ത തീരുമാനത്തെയാണ് ബസു 'ചരിത്രപരമായ വിഡ്ഢിത്തം' എന്ന് വിശേഷിപ്പിച്ചത്‌. ആ അഭിപ്രായത്തില്‍ നിന്നും അദ്ദേഹം പിന്നോട്ട് പോയതുമില്ല. എന്നാല്‍ പാര്‍ട്ടി തീരുമാനം അനുസരിക്കുകയും, അതു നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്ത ശേഷം, അദ്ദേഹം നടത്തിയ വ്യക്തിപരമായ പരാമര്‍ശം എന്ന നിലയിലാണ് പാര്‍ട്ടി അദ്ദേഹത്തിന്ടെ അഭിപ്രായ പ്രകടനത്തെ വിലയിരുത്തിയത്. പാര്‍ട്ടിക്ക് മേല്‍ക്കൈ ഇല്ലാത്ത ഭരണത്തില്‍ പങ്കാളിയാവുകയും, പ്രധാനമന്ത്രി സ്ഥാനം സ്വീകരികുകയും ചെയ്‌താല്‍ , പാര്‍ട്ടി ലകഷ്യമിടുന്ന ഭരണം നടപ്പാക്കാന്‍ ആവില്ലെന്നും അതു ഭാവിയില്‍ പാര്‍ട്ടിയുടെ പ്രതിച്ചായയെ പ്രതികൂലമായി ബാധിക്കും എന്നുമായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍, പ്രധാനമന്ത്രി സ്ഥാനം ലഭിച്ചാല്‍ അതു പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഏറെ സഹായകമാകും എന്ന ജ്യോതിബസുവിന്ടെ അഭിപ്രായത്തോട് വിയോജിക്കാതിരിക്കുവാന്‍ എനിക്ക് കഴിയുന്നില്ല. കോണ്‍ഗ്രെസ്സിന്ടെ വലതുപക്ഷ നയസമീപനങ്ങള്‍ക്കും, ബി.ജെ.പി. സംഘപരിവാര്‍ വര്‍ഗ്ഗീയ മാനിഫെസ്ടോക്കും ബദലായി, മറ്റൊരു ഭരണാനുഭവം ഇന്ത്യക്ക് അനുഭവിക്കുവാന്‍ കഴിയുമായിരുന്നു, ജ്യോതി ബസുവിലൂടെ എന്നു തന്നെയാണ് ഇപ്പോഴും എന്റെ വ്യക്തിപരമായ അഭിപ്രായം.

ലോകമെമ്പാടും കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങള്‍ക്ക് പല തരത്തിലുള്ള തിരിച്ചടികള്‍ ഉണ്ടായിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു, ബംഗാളില്‍ ശക്തമായി ജനാധിപത്യ മാനടണ്ടങ്ങളെല്ലാം മാനിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ്‌ ഗവന്മെണ്ടിനെ ജ്യോതിബസു തുടര്‍ച്ചയായി അധികാരത്തിലെത്തിച്ചത്. ഉന്നത കുലത്തില്‍ ജനിക്കുകയും, ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്ത് ഉന്നതമായ നിലയില്‍ ജീവിക്കാമായിരുന്ന സാഹചര്യങ്ങളെല്ലാം ഉപേക്ഷിച്ചാണ്, സഖാവ് തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി തെരുവിലിറങ്ങുകയും അവര്‍ക്ക് വേണ്ടി പോരാടുകയും ചെയ്തത്. മുപ്പതാം വയസ്സില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം 66 സംവത്സരങ്ങള്‍ തുടര്‍ന്നപ്പോഴും ഒരിക്കല്‍പോലും പ്രസ്ഥാനത്തിന് അതീതനാണെന്ന് ഭാവിക്കാതെ, പ്രസ്ഥാനത്തിന് പോലും തിരുത്തല്‍ ശക്തിയാവാന്‍ കഴിഞ്ഞു എന്നതാണ് ആ വ്യക്തി പ്രഭാവത്തിന്ടെ കാതല്‍.

മരണാനന്തരവും തന്ടെ ശരീരം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടണം എന്ന തീരുമാനത്തിന്ടെ അടിസ്ഥാനത്തിലാണ് സഖാവിന്ടെ കണ്ണുകള്‍ ദാനം ചെയ്യുകയും, മൃത ദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടുകൊടുക്കുവാനും സഖാവ് തീരുമാനിച്ചത്. സഖാവിന്ടെ വിയോഗത്തോടെ ഒരു യുഗത്തിന് അവസാനമാവുകയാണ്. മരണം ആര്‍ക്കും ഒഴിവാക്കാന്‍ കഴിയുന്നതല്ല. എന്നാലും, ജ്യോതിബസു ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ് മഹാ ഭൂരിപക്ഷം പേരും. അത്രമാത്രം പകരം വെക്കാനില്ലാത്തതാണ് ആ നഷ്ടം. ഒരു കാര്യം ഉറപ്പ്. ജ്യോതിബസുവിനെ പോലെ ഒരു ജ്യോതി ഉദയം കൊള്ളാന്‍ ഇന്ത്യന്‍ രാഷ്ട്രീയം ഇനി ഏറെ കാലം കാത്തിരിക്കേണ്ടി വരും; തീര്‍ച്ച.

No comments:

Post a Comment