If I am really a part of your dream, you'll come back one day..

If I am really a part of your dream, you'll come back one day...

Search This Blog

Sunday, April 18, 2010

'' സ്വപ്‌നങ്ങള്‍.... സ്വപ്നങ്ങളേ നിങ്ങള്‍......."


ഞാന്‍ മനസ്സിലാക്കിയേടത്തോളം പുതുതായി പ്രവാസജീവിതം
ആരംഭിക്കുന്ന ഒരാള്‍ അനുഭവിക്കുന്ന പല പ്രശ്നങ്ങളില്‍
ഒന്നാണ് ഉറക്കമില്ലായ്മ എന്നത്. കുടുംബ ജീവിതം ആരംഭിച്ച് ഏറെ
വൈകാതെയാണ് അയാള്‍ ഈ മണലാരണ്യത്തില്‍
എത്തി ചേര്‍ന്നതെങ്കില്‍ ഉറക്കമില്ലായ്മയുടെ ആഴവും,പരപ്പും ഏറാനും
ഇടയുണ്ട്. ഇങ്ങനെ ഉറക്കം കിട്ടാതെ ദിവസങ്ങള്‍ തള്ളിനീക്കിയവര്‍
ഏറെയുണ്ടിവിടെ. ഉറക്കം കിട്ടാതെയുള്ള ഈ കിടപ്പില്‍ നമ്മളെ
അസ്വസ്ഥമാക്കുന്ന കാരണങ്ങള്‍ എല്ലാവരിലും ഏറെക്കുറെ
ഒന്നുതന്നെയാവും. പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ടി
വരുന്ന അവസ്ഥ, നാട്ടില്‍ നമ്മെയും കാത്തിരിക്കുന്ന ബാധ്യതകള്‍,
നമ്മെ കാത്തിരിക്കുന്നവരുടെ പ്രതീക്ഷകള്‍....
ഇങ്ങനെ കാരണങ്ങള്‍ ഒരുപാടങ്ങ്‌ നീളും. എല്ലാ ഓര്‍മകളുടെയും ഒടുക്കം
നമ്മള്‍ അറിയാതെ ഉറക്കത്തിലേക്കു വഴുതി വീഴുകയും ചെയ്യും.

ഇതിനിടയില്‍ ,എന്നോ ഒരു ദിവസമാണ് ഒരു സ്വപ്നം കണ്ടു ഞാന്‍
ഞെട്ടിയുണര്‍ന്നത്. പിന്നീട് ഉറക്കം വരുന്നതേയില്ല.എഴുന്നേറ്റിരുന്നു.
അല്‍പം വെള്ളം കുടിച്ചു വീണ്ടും കിടന്നു. കുറെ കഴിഞ്ഞു വീണ്ടും
ഉറക്കത്തിലേക്ക്...
ഇവിടെയാണ്‌ രസം. ഏത് സ്വപ്നം കണ്ടു കൊണ്ടാണോ ഞാന്‍
ഞെട്ടി ഉണര്‍ന്നത്; ആ സ്വപ്നത്തിന്ടെ ബാക്കിയാണ് ഇപ്പോള്‍
കണ്ടുകൊണ്ടിരിക്കുന്നത് ! എന്താ,വിശ്വാസം വരുന്നില്ലേ?
ഞാന്‍ പലരോടും പറഞ്ഞു. അവര്‍ക്കൊന്നും ഇങ്ങനെ ഒരനുഭവം
ഇതിനു മുമ്പ് ഉണ്ടായിട്ടില്ലപോലും...
സ്വപ്നം കണ്ട കഥ, ആരോടെങ്കിലും പറഞ്ഞാല്‍ അവര്‍ ഉടനെ
ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
"എപ്പോഴാ സ്വപ്നം കണ്ടത്?പുലര്‍ചെയാണോ?"
പുലര്‍ച്ചെ കാണുന്ന സ്വപ്നം ഫലിക്കും എന്ന് മുതിര്‍ന്നവര്‍ പറയും.
ചിരിച്ചു തള്ളാന്‍ വരട്ടെ... കണ്ട സ്വപ്‌നങ്ങള്‍ ഫലിച്ച അനുഭവങ്ങള്‍
പലര്‍ക്കും ഉണ്ടായിട്ടുണ്ട്.
പരീക്ഷയെ കുറിച്ച് വല്ലാതെ ഉത്കണ്ടയുള്ള ഒരു കുട്ടി,
പിറ്റേ ദിവസത്തെ ചോദ്യ പേപ്പര്‍ സ്വപ്നം കണ്ടതായി
എവിടെയോ വായിച്ചിട്ടുണ്ട്. അത്രയ്ക്ക് ദുരൂഹമാണ് സ്വപ്നം
എന്ന ഈ പ്രതിഭാസം!
സ്വപ്നം കാണാത്തവരായി ആരങ്കിലും ഉണ്ടാവാനിടയില്ല.
മനുഷ്യര്‍ മാത്രമല്ല,പക്ഷികളും,മൃഗങ്ങളും സ്വപ്‌നങ്ങള്‍ കാണാറുണ്ട്‌ പോലും..
ദിവസം 2 മണിക്കൂറെങ്കിലും ഒരു മനുഷ്യന്‍ സ്വപ്നം കാണുമെന്നാണ്
ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.അപ്പോള്‍,ശരാശരി ഒരു മനുഷ്യന്‍
തന്ടെ ആയുസ്സിന്ടെ 6 വര്‍ഷമെങ്കിലും സ്വപ്നം കണ്ടു തീര്‍ക്കുന്നു എന്നര്‍ത്ഥം!
എന്നാല്‍ ,എന്താണ് സ്വപ്നം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
എന്താണ് സ്വപ്നം,എന്ന കാര്യത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്
വ്യക്തമായ ഒരുത്തരം ഇത് വരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
ദിവസം 2 മണിക്കൂറെങ്കിലും സ്വപ്നം കാണുന്ന നമ്മള്‍,അതില്‍ പലതും
രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും മറക്കുകയാണ് പതിവ്.
പല കാര്യങ്ങളും ഓര്‍ത്തു വെക്കാന്‍ കഴിവുള്ള നമ്മുടെ തലച്ചോറിനെന്താ,
സ്വപ്‌നങ്ങള്‍ മാത്രം ഓര്‍ത്തു വെക്കാന്‍ കഴിയാത്തത്...?
എന്താണ് സ്വപ്നം കാണാന്‍ കാരണം...?
അന്ധന് സ്വപ്നം കാണാന്‍ കഴിയുമോ...?
എങ്കില്‍ ഏത് നിറത്തിലായിരിക്കും അയാള്‍ സ്വപ്നം കാണുന്നത്...?
ചോദ്യങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു...
ഉറക്കത്തില്‍ ഉണ്ടാവുന്ന അവാസ്തവിക അനുഭവമാണ് സ്വപ്നം.
ചിന്തകള്‍,അനുഭവങ്ങള്‍,അനുഭൂതികള്‍,വികാരങ്ങള്‍,കാഴ്ചകള്‍,
ശബ്ദങ്ങള്‍,സംഭവങ്ങള്‍ തുടങ്ങിയവയുടെ ഒരു പരമ്പരയാണ് സ്വപ്നം
എന്ന് പറയാം. ഇത് കേവലം ഇന്ദ്രിയ അനുഭൂതികളുടെ പ്രതികരണമല്ല.
പൂര്‍വ്വാനുഭൂതികളുടെ ശുദ്ധമോ,കലര്‍പ്പുള്ളതോ
അയഥാര്‍ത്ഥ ബോധാവസ്ഥയിലെ
അനുസ്മരണമാവണം സ്വപ്‌നങ്ങള്‍. സമ്പൂര്‍ണനിദ്രയില്‍
സ്വപ്ന ദര്‍ശനം ഉണ്ടാവുന്നില്ല. കാരണം,പൂര്‍ണനിദ്രയിലൊഴികെ
മനസ്സ് എപ്പോഴും പ്രവര്‍ത്തിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിലാണ്‌ സ്വപ്ന പഠനം പുരോഗമിച്ചത്.
1900 -ല്‍ പ്രസിദ്ധപ്പെടുത്തിയ സിഗ്മണ്ട് ഫ്രോയിഡിന്ടെ,
"Interpretation of Dreams" എന്ന പുസ്തകം സ്വപ്നങ്ങളുടെ
ശാസ്ത്രീയ പഠനത്തിലേക്ക് വെളിച്ചം വീശിയിട്ടുണ്ട്. മനസ്സിന്ടെ
അബോധതലവുമായി ബന്ധപ്പെടുത്തിയാണ് ഫ്രോയിഡ് തന്ടെ
സിദ്ധാന്തങ്ങള്‍ സ്ഥാപിക്കുന്നത്. ഉറക്കത്തിലുള്ള ഒരാളെ നിരീക്ഷിച്ചാല്‍
സ്വപ്ന ദര്‍ശനസമയം കൃത്യമായി കണ്ടെത്താം. ത്വരിത നേത്രചലനം,
ജാഗ്രതാവസ്ഥയിലെന്നതുപോലുള്ള മസ്തിഷ്ക തരംഗങ്ങള്‍, ഉയര്‍ന്ന
നിരക്കിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയാണിത്
മനസ്സിലാക്കുന്നത്. ഉറങ്ങുമ്പോള്‍ ഏതാണ്ട് ഒന്ന്-ഒന്നര മണിക്കൂര്‍
ഇടവിട്ടാണ് സ്വപ്നസമയം ആവര്‍ത്തിക്കുന്നത്.
ബൗദ്ധിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സ്വപ്നങ്ങള്‍ക്ക്
കഴിയുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജര്‍മന്‍ ഓര്‍ഗാനിക്
കെമിസ്റ്റ് ആയ August Kekulé യുടെ benzene റിംഗ് തന്നെ ഉദാഹരണം.
benzene ന്ടെ സ്ട്രക്ചര്‍ എത്ര ആലോചിച്ചിട്ടും kekule ക്ക് പിടികിട്ടിയില്ല.
ഒരു ദിവസം ഉറക്കത്തില്‍ മൂപ്പര്‍ ഒരു സ്വപ്നം കണ്ടു.ഒരു സര്‍പ്പം
തന്‍റെ വാല് വായില്‍ കടത്തിയതായി! ഉടനെ ഉറക്കമുണര്‍ന്ന
ശാസ്ത്രഞ്ജന്‍ benzene റിംഗ് വരച്ചു പോലും!!
എങ്കില്‍പിന്നെ , കലാസാഹിത്യ സൃഷ്ടികളുടെ കാര്യത്തില്‍ സ്വപ്നം
എത്ര പ്രചോദനമായിട്ടുണ്ടാവും ... അല്ലേ?

ക്ലാസ്സ്‌ മുറിയില്‍ പലപ്പോഴും ഞാന്‍ കുട്ടികളോട് ചോദിച്ചിട്ടുണ്ട്.
'നീയെന്താടാ സ്വപ്നം കാണുകയാണോ'എന്ന്. സ്വപ്നം കാണാനല്ലേ സര്‍
നമ്മുടെ രാഷ്‌ട്രപതി നമ്മോടു പറഞ്ഞതെന്ന്, ആരും തിരിച്ചു ചോദിക്കാത്തത്
എന്റെ ഭാഗ്യം! നന്നായി സ്വപ്നം കാണുന്നവനെ നല്ലൊരു കലാകാരനോ,
ശാസ്തജ്ഞനോ ഒക്കെ ആവാന്‍ കഴിയൂ... എന്നാണല്ലോ.
എന്തായാലും,നമുക്ക് നല്ല സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടെയിരിക്കാം.
ഓരോ സ്വപ്നവും നമ്മെ തഴുകി ഉറക്കട്ടെ. വയലാറിന്ടെ വരികള്‍
മൂളികൊണ്ട്‌ ഞാനും ഉറങ്ങാന്‍ കിടക്കട്ടെ....
ഇന്നെങ്കിലും കുറെ നല്ല സ്വപ്ങ്ങള്‍ കാണാം എന്ന പ്രതീക്ഷയോടെ.....
"സ്വപ്‌നങ്ങള്‍.... സ്വപ്നങ്ങളെ നിങ്ങള്‍
സ്വര്‍ഗ്ഗ കുമാരികളല്ലോ.....
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍,
നിശ്ചലം ശൂന്യമീ ലോകം....
സ്വപ്‌നങ്ങള്‍.... സ്വപ്നങ്ങളെ നിങ്ങള്‍......"