If I am really a part of your dream, you'll come back one day..

If I am really a part of your dream, you'll come back one day...

Search This Blog

Monday, January 18, 2010

വംഗ ദേശത്തെ ചുവപ്പിച്ച സൂര്യന്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു സൂര്യ തേജസ്സുകൂടി പൊലിഞ്ഞു. ഇന്ത്യയിലെ ഇടതുപക്ഷ ജനാതിപത്യ മതേതര രാഷ്ട്രീയ ധാരയുടെ ഏറ്റവും സമുന്നത പ്രതീകമായിരുന്നു സഖാവ് ജ്യോതി ബസു. ബംഗാളികളുടെ പ്രിയപ്പെട്ട 'ജ്യോതി ബാബു.' ജ്യോതി ബസുവിന്ടെ മരണത്തോടെ സംശുദ്ധ രാഷ്ട്രീയത്തിലെ ഒരു ശുഭ നക്ഷത്രം കൂടി ഇരുളടഞ്ഞു. ജീവിതകാലം മുഴുവന്‍ തന്ടെ നാടിനും, രാജ്യത്തിനും വേണ്ടി ജീവാര്‍പ്പണം ചെയ്ത്, കളങ്ക രഹിതനായി അവസാന ശ്വാസംവരെ മാതൃകാപരമായി പ്രവര്‍ത്തിച്ച ഒരു നല്ല കമ്മ്യുനിസ്റ്റിനെയാണ് സഖാവിന്ടെ വിയോഗത്തിലൂടെ ലോകത്തിനു നഷ്ടമായിരിക്കുന്നത്.

ജ്യോതിബസു ഇനി നമ്മോടൊപ്പം ഇല്ല. ഇതൊരു ശൂന്യത തന്നെയാണ്. പ്രത്യയശാസ്ത്രത്തെ ഉരുക്കുമുഷ്ട്ടിയാക്കി അനുയായികളെ നിര്‍ബന്ധപൂര്‍വം പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയോ, തളക്കുകയോ ചെയ്തു എന്ന് പല കമ്മ്യുണിസ്റ്റ് നേതാക്കളെയും കുറിച്ച് വിമര്‍ശകര്‍ അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍, ബസു തികച്ചും വ്യത്യസ്തനായിരുന്നു. ജനകീയ പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നു പോരാടി, പാവപ്പെട്ടവന്ടെയും, മര്‍ദിതന്‍ന്ടെയും മോചനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നു സഖാവിനെ വേറിട്ട്‌ നിര്‍ത്തുന്നത്. അതുകൊണ്ടുതന്നെയാണ് ലോകത്തുതന്നെ ബാലറ്റ് പേപ്പറിലൂടെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ കാല്‍ നൂറ്റാണ്ട് കാലത്തോളം അധികാരത്തില്‍ നില നിര്‍ത്താന്‍ സഖാവിനു കഴിഞ്ഞത്.

ജ്യോതിബസുവിനെ ഓര്‍ക്കുമ്പോള്‍ ഓര്‍ത്തുപോകുന്ന ഒരു പ്രയോഗമാണ് 'ചരിത്രപരമായ വിഡ്ഢിത്തം' എന്ന വാചകം. 1996 -ഇല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദം ബസുവിനെ തേടിയെത്തിയിരുന്നു. അദ്ധേഹത്തെ പ്രധാനമന്ത്രി പദത്തിലേക്ക് അയക്കാതിരുന്ന പാര്‍ടി തീരുമാനത്തോട് യോജിക്കാത്തവരായി ഇന്നും പാര്‍ട്ടിക്കകത്തും, പുറത്തുമായി നിരവധി പേര്‍ ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടി അന്നെടുത്ത തീരുമാനത്തെയാണ് ബസു 'ചരിത്രപരമായ വിഡ്ഢിത്തം' എന്ന് വിശേഷിപ്പിച്ചത്‌. ആ അഭിപ്രായത്തില്‍ നിന്നും അദ്ദേഹം പിന്നോട്ട് പോയതുമില്ല. എന്നാല്‍ പാര്‍ട്ടി തീരുമാനം അനുസരിക്കുകയും, അതു നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്ത ശേഷം, അദ്ദേഹം നടത്തിയ വ്യക്തിപരമായ പരാമര്‍ശം എന്ന നിലയിലാണ് പാര്‍ട്ടി അദ്ദേഹത്തിന്ടെ അഭിപ്രായ പ്രകടനത്തെ വിലയിരുത്തിയത്. പാര്‍ട്ടിക്ക് മേല്‍ക്കൈ ഇല്ലാത്ത ഭരണത്തില്‍ പങ്കാളിയാവുകയും, പ്രധാനമന്ത്രി സ്ഥാനം സ്വീകരികുകയും ചെയ്‌താല്‍ , പാര്‍ട്ടി ലകഷ്യമിടുന്ന ഭരണം നടപ്പാക്കാന്‍ ആവില്ലെന്നും അതു ഭാവിയില്‍ പാര്‍ട്ടിയുടെ പ്രതിച്ചായയെ പ്രതികൂലമായി ബാധിക്കും എന്നുമായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍, പ്രധാനമന്ത്രി സ്ഥാനം ലഭിച്ചാല്‍ അതു പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഏറെ സഹായകമാകും എന്ന ജ്യോതിബസുവിന്ടെ അഭിപ്രായത്തോട് വിയോജിക്കാതിരിക്കുവാന്‍ എനിക്ക് കഴിയുന്നില്ല. കോണ്‍ഗ്രെസ്സിന്ടെ വലതുപക്ഷ നയസമീപനങ്ങള്‍ക്കും, ബി.ജെ.പി. സംഘപരിവാര്‍ വര്‍ഗ്ഗീയ മാനിഫെസ്ടോക്കും ബദലായി, മറ്റൊരു ഭരണാനുഭവം ഇന്ത്യക്ക് അനുഭവിക്കുവാന്‍ കഴിയുമായിരുന്നു, ജ്യോതി ബസുവിലൂടെ എന്നു തന്നെയാണ് ഇപ്പോഴും എന്റെ വ്യക്തിപരമായ അഭിപ്രായം.

ലോകമെമ്പാടും കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങള്‍ക്ക് പല തരത്തിലുള്ള തിരിച്ചടികള്‍ ഉണ്ടായിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു, ബംഗാളില്‍ ശക്തമായി ജനാധിപത്യ മാനടണ്ടങ്ങളെല്ലാം മാനിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ്‌ ഗവന്മെണ്ടിനെ ജ്യോതിബസു തുടര്‍ച്ചയായി അധികാരത്തിലെത്തിച്ചത്. ഉന്നത കുലത്തില്‍ ജനിക്കുകയും, ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്ത് ഉന്നതമായ നിലയില്‍ ജീവിക്കാമായിരുന്ന സാഹചര്യങ്ങളെല്ലാം ഉപേക്ഷിച്ചാണ്, സഖാവ് തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി തെരുവിലിറങ്ങുകയും അവര്‍ക്ക് വേണ്ടി പോരാടുകയും ചെയ്തത്. മുപ്പതാം വയസ്സില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം 66 സംവത്സരങ്ങള്‍ തുടര്‍ന്നപ്പോഴും ഒരിക്കല്‍പോലും പ്രസ്ഥാനത്തിന് അതീതനാണെന്ന് ഭാവിക്കാതെ, പ്രസ്ഥാനത്തിന് പോലും തിരുത്തല്‍ ശക്തിയാവാന്‍ കഴിഞ്ഞു എന്നതാണ് ആ വ്യക്തി പ്രഭാവത്തിന്ടെ കാതല്‍.

മരണാനന്തരവും തന്ടെ ശരീരം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടണം എന്ന തീരുമാനത്തിന്ടെ അടിസ്ഥാനത്തിലാണ് സഖാവിന്ടെ കണ്ണുകള്‍ ദാനം ചെയ്യുകയും, മൃത ദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടുകൊടുക്കുവാനും സഖാവ് തീരുമാനിച്ചത്. സഖാവിന്ടെ വിയോഗത്തോടെ ഒരു യുഗത്തിന് അവസാനമാവുകയാണ്. മരണം ആര്‍ക്കും ഒഴിവാക്കാന്‍ കഴിയുന്നതല്ല. എന്നാലും, ജ്യോതിബസു ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ് മഹാ ഭൂരിപക്ഷം പേരും. അത്രമാത്രം പകരം വെക്കാനില്ലാത്തതാണ് ആ നഷ്ടം. ഒരു കാര്യം ഉറപ്പ്. ജ്യോതിബസുവിനെ പോലെ ഒരു ജ്യോതി ഉദയം കൊള്ളാന്‍ ഇന്ത്യന്‍ രാഷ്ട്രീയം ഇനി ഏറെ കാലം കാത്തിരിക്കേണ്ടി വരും; തീര്‍ച്ച.



Life is a clock
Swinging between
Sorrows and joy;
Not between numbers

Life is rain
Smiling and weeping,

Sometimes with its horror
Destroying everything

Life is a bubble
Disappearing in no time
Life is selfish often,

It wants everything for itself
Still life misses something
Worth having

Life is a journey
Sometimes it takes us

To crossroads
And persuades to choose

Between ways...

But it goes on and on
Until it merges into death.


Sunday, January 17, 2010

സ്കൂള്‍ കലോത്സവം:
യാഥാര്‍ത്ഥ്യങ്ങളും പ്രതീക്ഷകളും...

ഒരു സ്കൂള്‍ കലോത്സവത്തിനു കൂടി തിരശ്ശീല വീണിരിക്കുന്നു. നിരവധി ചരിത്ര മുഹുര്‍ത്തങ്ങള്‍ക്ക് സാകഷ്യം വഹിച്ച കോഴിക്കൊടിന്ടെ മണ്ണില്‍ സുവര്‍ണ ജൂബിലിയുടെ നിറവോടെയാണ് ഇത്തവണ കലോത്സവം എത്തിയത്. സംസ്ക്കാര സമ്പന്നമായ ഒരു ജനതയുടെ ഈടു വെപ്പുകള്‍ എന്ന നിലയില്‍ കലാ പ്രകടനങ്ങള്‍ക്കും, സാംസ്കാരിക പരിപാടികള്‍ക്കും അതിന്ടെതായ പ്രാധാന്യം എന്നും കോഴിക്കോട് നല്‍കിയിട്ടുണ്ട്. ഒരുപാട് കലോത്സവങ്ങള്‍ നമ്മുടെ മണ്ണിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും, സ്കൂള്‍ തലത്തിലുള്ള യുവജനമേളപോലെ ഇത്രയും ജനകീയമായി മാറുന്ന മറ്റൊരു മേള നമുക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കോഴിക്കോട് നടന്ന സുവര്‍ണ ജൂബിലി മേളയെ വേണമെങ്കില്‍ ജന മുന്നേറ്റത്തിന്ടെ കാഹളം എന്ന് വിശേഷിപ്പിച്ചാല്‍ പോലും തെറ്റില്ലെന്ന് തോന്നുന്നു. വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, അധ്യാപകര്‍, കുട്ടികള്‍, നാട്ടുകാര്‍, എന്നിങ്ങനെ എല്ലാ വിഭാഗക്കാരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ മേള ഒരു വന്‍ വിജയമായി മാറിയത്. മത്സരം നടന്ന എല്ലാ വേദികളും ജന നിബിടമായിരുന്നു. സാധാരണ കാണികള്‍ കുറയുന്ന സംസ്കൃതോത്സവം, അറബി സാഹിത്യോത്സവം എന്നീ വേദികളില്‍പ്പോലും വലിയ ജന പങ്കാളിത്തം ഉണ്ടായി എന്നാണ് അറിയുന്നത്. പതിനായിരങ്ങളാണ് ഓരോ ദിവസവും ഭക്ഷണ ശാലകള്‍ സന്ദര്‍ശിച്ചു, കോഴിക്കൊടിന്ടെ രുചി വൈഭവം തിരിച്ചറിഞ്ഞത്. മേളയില്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കാനായി എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ച സുഹൃത്തുകളില്‍ നിന്നും മനസ്സിലാക്കാനായത്.
കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തില്‍നിന്നും നിരവധി താരോദയങ്ങള്‍ ഉണ്ടായിട്ടുണ്ട്.നിരവധി മഞ്ജുവാര്യര്‍ മാരെയും,കാവ്യാ മാധവന്മാരെയും നമ്മുടെ മേളകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. സ്കൂള്‍ സാഹിത്യ സമാജങ്ങളുടെ വലിയൊരു പതിപ്പായാണ്‌ യുവജനോത്സവങ്ങളുടെ തുടക്കം.കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രമെടുത്തു പരിശോദിച്ചാല്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് മനസ്സിലാകും. നൃത്തവും, സംഗീതവും, അഭിനയവും ചിട്ടപ്പെടുത്തിയെടുക്കുന്ന മേളക്ക് പിന്നീട് ഔദ്യോഗിക സ്വഭാവം കൈവന്നു. കലോത്സവ മാന്വല്‍ നിലവില്‍ വന്നതോടെ ഇത് കൂടുതല്‍ ഗൌരവം നിറഞ്ഞതായി. സ്കൂളും, സബ് ജില്ലയും, ജില്ലയും കടന്ന് സംസ്ഥാനത്ത് എത്തുമ്പോഴേക്കും ഒരു കുട്ടിയുടെ പ്രാവീണ്യം പല തവണ പരീക്ഷിക്കപ്പെടുന്നു. ഗ്രേഡ്, ഗ്രൈസ് മാര്‍ക്ക്‌, സര്‍വോപരി ഇതുവഴി കൈവരുന്ന പ്രശസ്തി ...

ഇങ്ങനെ മേളയില്‍ വിജയിക്കുന്ന കുട്ടിക്ക് മുതല്‍കൂട്ടുകള്‍ ഏറെയാണ്‌. അതെ പോലെ മത്സരതിന്ടെ മുന്നൊരുക്കങ്ങളും, പരിശീലനങ്ങളും തികച്ചും ഗൌരവമായിക്കഴിഞ്ഞു. ഏതെങ്കിലും ഒരു കുട്ടി സ്വന്തം കഴിവിന്ടെ അടിസ്ഥാനത്തില്‍ മാത്രം മേളയില്‍ എത്തിപ്പെടുമെന്ന് തോനുന്നില്ല; അഥവാ ഉണ്ടെങ്കില്‍ തന്നെ അവരുടെ എണ്ണം ശുഷ്കമായിരിക്കും. പലപ്പോഴും മത്സരാര്‍ത്തികളെക്കാള്‍ പിരിമുറുക്കം പ്രകടിപ്പിക്കുന്നത് രക്ഷിതാക്കളും, അധ്യാപകരുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. വിജയവും അത് വഴിയുണ്ടാകുന്ന പ്രശസ്തിയും മാത്രം ലകഷ്യമിടുമ്പോള്‍ ആരോഗ്യകരമായ മത്സരങ്ങളുടെ മഹത്വം അന്യമാകുന്നു. തങ്ങളുടെ മക്കളുടെ വിജയം മാത്രം ലക്‌ഷ്യം വെച്ചുള്ള, തത്രപ്പാടുകളില്‍ സദാചാര മൂല്യങ്ങളാണ് പലപ്പോഴും നഷ്ടമാകുന്നത്.ഒട്ടും അനഭിലഷനീയമായ ചില പ്രവണതകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നതായി വളരെ വേദനയോടെയാണ് നമ്മള്‍ തിരിച്ചറിയുന്നത്‌. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഇത്തരം വമ്പന്‍ മേളകളുടെ കൂടപ്പിറപ്പായി ചെറിയ പ്രശ്നങ്ങളെയും, പരാതികളെയും നമുക്ക് കണക്കാക്കാം. എന്തൊക്കെയായാലും, വമ്പിച്ച ജനപങ്കാളിത്തത്തോടെ ഈ മഹാമേള വിജയിപ്പിച്ചു എന്നത് കോഴിക്കോട്ടെ സഹൃദയര്‍ക്കും, സംഘാടകര്‍ക്കും ഏറെ അഭിമാനം നല്‍കുന്ന കാര്യം തന്നെയാണ്.

കലോത്സവതിന്ടെ ചെലവിലെക്കും മറ്റുമായി വലിയൊരു സംഖ്യ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പ്രതിവര്‍ഷം ചെലവഴിക്കപ്പെടുന്നുണ്ട്. പലപ്പോഴും പണക്കൊഴുപ്പ് ചിലങ്ക കൊട്ടിയാടുമ്പോള്‍, നിര്‍ധന കലാ പ്രതിഭകള്‍ക്ക് ചുവടു പിഴക്കുന്നു. പണതിന്ടെ ആധിപത്യം മേളകളില്‍ കടന്നുവരുന്നു എന്നത് പുതിയൊരു പരാതിയല്ല. ദരിദ്ര കുടുംബത്തില്‍ നിന്നുമെത്തുന്ന അപൂര്‍വ്വം പേര്‍ ഈ രംഗത്ത് കഴിവ് തെളിയിക്കുന്നു എന്ന വസ്തുത മറന്നല്ല ഇങ്ങനെ പറയുന്നത്. എന്തൊക്കെയായാലും, ഈ താള മേളക്കൊഴുപ്പുകള്‍ അലയടിച്ചുയരുമ്പോള്‍, ഒരു നിര്‍ധന കുടുംബത്തിലെ കലാകാരന്‍ അഥവാ കലാകാരി കലോത്സവ വേദികളില്‍ എത്തണമെങ്കില്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പരിശീലനം മുതല്‍ ചമയം വരെ വന്‍ തുകകള്‍ ചെലവഴിക്കേണ്ടിവരുന്നു. ഇത് താങ്ങാനാവാതെ പല രക്ഷിതാക്കളും നിറകണ്ണുകളോടെ തങ്ങളുടെ കുട്ടികളെ കലയുടെ ലോകത്ത് നിന്നും പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവുന്നു. കലോത്സവ വേദിയില്‍ എത്താനാവാതെ തന്ടെ കഴിവുകള്‍ കുഴിച്ചു മൂടേണ്ട അവസ്ഥ നിരവധി പേര്‍ക്ക് ഉണ്ടായിട്ടുണ്ട്.

കലോത്സവ വേദികള്‍ പലപ്പോഴും പണം ഉള്ളവന്ടെ മക്കള്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണ് എന്ന വിമര്‍ശനത്തെ നമുക്ക് ഒറ്റയടിക്ക് തള്ളിക്കളയാന്‍ പറ്റുമോ? പാവപ്പെട്ടവന്ടെ കുട്ടികള്‍ക്ക് തന്ടെ സര്‍ഗ വൈഭവം തെളിയിക്കാന്‍ ഈ മേളകള്‍ എത്രമാത്രം പര്യാപ്തമാകുന്നു എന്നതും പരിശോധിക്കപ്പെടണ്ടതല്ലേ? കലയില്‍ താല്പര്യമുള്ള പാവപ്പെട്ടവന്ടെ കുട്ടികളെ പഠിപ്പിക്കുവാനും, അവനെ വേദിയില്‍ എത്തിക്കുവാനും സംവിധാനം ഉണ്ടാവേണ്ടതല്ലേ?
മേളയില്‍ എത്തുന്ന യുവതാരങ്ങളുടെ ആഹ്ലാദരവങ്ങളില്‍ അലിഞ്ഞുചേരുമ്പോള്‍ത്തന്നെ മേളയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനുള്ള ആലോചനകളും,തീരുമാനങ്ങളും സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതാണ്. അവസരങ്ങള്‍ എല്ലാവര്‍ക്കും കിട്ടണം. എങ്കില്‍ മാത്രമേ ജനകീയമായ നിലയില്‍ കല പ്രോത്സാഹിപ്പിക്കപ്പെടുകയുള്ളൂ.