If I am really a part of your dream, you'll come back one day..

If I am really a part of your dream, you'll come back one day...

Search This Blog

Sunday, July 11, 2010

നഷ്ട സ്വര്‍ഗങ്ങള്‍...

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഞാന്‍ അയാളെ പരിചയപ്പെടുന്നത്... അന്ന് ഞാന്‍ ഇവിടെയെത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ.കണ്ണൂരുകാരന്‍ സുധിയുടെ കള്ള ടാക്സിയില്‍ ബുറയിദ എന്ന സ്ഥലത്തേക്ക് എന്റെ iqama (Resident permit) വാങ്ങാനുള്ള യാത്ര. 360 km യാത്ര.രാത്രിയിലെ ഈ യാത്രക്കിടയിലാണ് ഞാന്‍ അയാളെ പരിചയപ്പെടുന്നത്.


തലയില്‍ ആകെയുള്ള കുറച്ചു മുടി നരച്ചിരിക്കുന്നു. നീണ്ട താടിയേയും നര കവര്‍ന്നിരുന്നു.

ആ രൂപത്തിന് ഒട്ടും യോജിക്കാത്ത ടീ ഷര്‍ട്ടും,പാന്റ്സുമാണ് വേഷം. പ്രായം അറുപതു കഴിഞ്ഞിരിക്കണം.അയാള്‍ ഇടയ്ക്കിടെ ഫോണെടുത്തു ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നുണ്ട്;പക്ഷെ മറുതലക്കല്‍ ആരും പ്രതികരിക്കുന്നില്ല.
കാര്‍ നല്ല വേഗതയിലാണ്.ഞാന്‍ പുറത്തേക്ക് നോക്കി... പട്ടണം കഴിഞ്ഞിരിക്കുന്നു. ഇരു വശത്തും വിശാലമായ മരുഭൂമി.നിലാവില്‍,മരുഭൂമിയിലെ മണല്‍ത്തിട്ടകള്‍ നന്നായി കാണാം. ഇടയ്ക്കിടെ കൂട്ടമായി പ്രത്യക്ഷപ്പെടുന്ന ഈന്തപ്പനകള്‍ ... കാഴ്ചകളൊക്കെ എനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നു. മരുഭൂമിയിലൂടെ എന്റെ ഭാര്യയുടെ, മോന്റെയും കയ്യും പിടിച്ചു നടക്കണം. മരുഭൂമിയെ മേല്‍ക്കൂരയില്ലാത്ത വീടാക്കി അങ്ങനെ നടന്നു കൊണ്ടേയിരിക്കുക. ഒരിക്കലും പകല്‍ വരരുതേ എന്ന് ഉള്ളാലെ പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കുക.

"അതേ, ട്രാഫിക്‌ ചെക്ക്‌ പോയിന്റ്‌ വരുന്നുണ്ട്. അവര്‍ ചോദിച്ചാല്‍ സദീഖിനെ കാണാന്‍പോവുകയാണെന്ന് പറഞ്ഞേക്കണം"
ഡ്രൈവറുടെ വാക്കുകള്‍ എന്റെ ചിന്തക്ക് ഭംഗം വരുത്തി. "സദീക്കോ?അതാരാ?"
"ഓ.. പുതിയ ആളാണല്ലോ. ഞാനത് മറന്നു. അറബിയില്‍ സദീക്ക് എന്ന് വെച്ചാല്‍ കൂട്ടുകാരന്‍." ഡ്രൈവറുടെ മറുപടി.
ദൂരം ഒരുപാട് പിന്നിട്ടിരിക്കുന്നു... അടുത്തിരിക്കുന്ന ആളിനെ ഇതുവരെ പരിചയപ്പെട്ടില്ലല്ലോ, എന്ന് അപ്പോഴാണ്‌ ഓര്‍ത്തത്.
"നാട്ടില്‍ എവിടെയാ?" ചോദ്യം അയാള്‍ കേട്ടില്ലെന്നു തോന്നുന്നു... അതിനാല്‍ ആവര്‍ത്തിച്ചു.
"കാസര്‍ഗോഡ്‌" മുഖത്തേക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെയായിരുന്നു മറുപടി.
"ഇവിടെയെത്തീട്ട്..?" ആ ചോദ്യം അയാള്‍ക്ക്‌ ഇഷ്ട്ടപ്പെട്ടില്ലെന്നു തോന്നുന്നു. അല്പം
പരുഷമായ ഒരു നോട്ടമായിരുന്നു മറുപടി.
"42 വര്‍ഷമായി ഞാനിവിടെയെത്തീട്ടു..."
കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കുന്നത് എങ്ങനെ!
അയാള്‍ കഥനം തുടര്‍ന്നു. എല്ലാം ആരോടൊക്കെയോ പറയാന്‍ കാത്തു വച്ചത് പോലെ. ആരുമൊന്നും ചോദിക്കുന്നുണ്ടാവില്ല. അങ്ങനെ എല്ലാം ഉള്ളില്‍ കലങ്ങിയുറഞ്ഞു, ഒടുക്കം അയാള്‍ പോലും ഇല്ലാതാവുക.


"ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബാപ്പ മരിച്ചു. എനിക്ക് താഴെ മൂന്നു പേരുണ്ട്. ഒരാണും രണ്ടു പെണ്ണും.ഞങ്ങളുടെ വിശപ്പടക്കാന്‍ ഉമ്മ വല്ലാതെ കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു. ഞങ്ങളെയൊക്കെ പഠിപ്പിക്കാനും,വിശപ്പടക്കാനും ഉമ്മയുടെ വരുമാനം പോരെന്നു വന്നപ്പോള്‍ ഞാന്‍ പഠനം നിര്‍ത്തി.അടുത്ത വീട്ടിലെ ഹംസക്കാന്ടെ കൂടെ മംഗലാപുരത്തു മാര്‍ക്കെറ്റില്‍ പോയിത്തുടങ്ങി. പല...പല...ജോലികള്‍.. കൂടപ്പിറപ്പുകളുടെ പഠനത്തിനും മറ്റും പണം പോരെന്നു വന്നപ്പോഴാണ്....."

അയാള്‍ പറഞ്ഞു നിര്‍ത്തി.
ആ നിശബ്ദതയില്‍ ആ ഇന്നലെയിലൂടെ താനും ഉഴറി നീങ്ങുകയാണോ എന്നോര്‍ത്തു. എങ്ങെല്ലാമോ പോറല്‍ വീഴ്ത്തുന്ന ചിത്രങ്ങള്‍...

"മംഗലാപുരത്തുനിന്നും വണ്ടി കയറി. കൃത്യമായി പറഞ്ഞാല്‍ 1968 ല്‍ ഒരു റമദാനില്‍ ആയിരുന്നു യാത്രയുടെ തുടക്കം. ഈന്തപ്പഴവുമായി വന്ന ഒരു ലോഞ്ച് ബേപ്പൂര്‍ പുറം കടലില്‍ ഞങ്ങളെയും കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ 27 പേര്‍. ആ യാത്രക്ക് ആകെ ചെലവ് ആയിരം രൂപ. ആ വലിയ തുക സംഘടിപ്പിക്കാന്‍ ഞാന്‍ പെട്ടൊരു പാട്.... ഇതില്‍ ചെറിയൊരു തുകയെ ലോഞ്ച്കാരനുള്ളൂ. ബാക്കി കമ്മിഷനാണെന്ന വിവരം പിന്നീടാണ് അറിഞ്ഞത്. ഗോതമ്പ് പൊടികൊണ്ട്‌ ഉണ്ടാക്കിയ പത്തിരിയാണ് ഭക്ഷണം. കടലില്‍ നിന്നും ചൂണ്ടയിട്ടു പിടിക്കുന്ന മീന്‍ കൊണ്ടുണ്ടാക്കുന്ന കറിയും ...
ദിവസങ്ങള്‍ നീണ്ട യാത്ര.. ഒട്ടും അനുകൂലമല്ലാത്ത കാലാവസ്ഥ... ഞങ്ങളില്‍ പലര്‍ക്കും അസുഖം പിടിപെട്ടു. മൂന്നു പേരുടെ നില ഗുരുതരമായിരുന്നു. അതില്‍ ഒരാള്‍ മരണമടഞ്ഞു... മുഷിഞ്ഞ ഒരു തുണിയില്‍ പൊതിഞ്ഞ് ആ മൃതശരീരം കല്ലുകെട്ടി കടലില്‍ താഴ്ത്തി. ചേതനയറ്റ കൂട്ടുകാരന്ടെ ശവ ശരീരം പതുക്കെ, പതുക്കെ കടലിലേക്ക്‌ താഴുന്ന രംഗം ഇന്നും മനസ്സിലുണ്ട്... ഒളി മങ്ങാതെ... മരണംവരെ ആ ചിത്രം മനസ്സില്‍ നിന്നും മായില്ല... പതിനെട്ടാം രാത്രി മലഞ്ചെരിവിനടുത്തു ലോഞ്ച് നിന്നു... ഇരുട്ടിന്റെ അവ്യക്തതയിലേക്ക് ഞങ്ങള്‍ ചാടി നീന്തി... നീന്തല്‍ അറിയാത്തവരെ പോലും അവര്‍ അടിച്ചു ചാടിച്ചു. എത്ര പേര്‍ കരകയറിയെന്നോ, കരപറ്റിയവര്‍ തന്നെ പിന്നീട് ജീവിത ക്ലേശങ്ങളുടെ കൊടും ചുഴിയില്‍ പെട്ടുപോയോ എന്നൊന്നും ,എനിക്കിപ്പോഴും അറിയില്ല...
റമദാനിലെ ആ തണുപ്പുള്ള രാത്രിയില്‍ അകലെയുള്ള വെളിച്ചം ലകഷ്യമാക്കി കുറെ നടന്നു... ഒട്ടകത്തെ മേക്കുന്ന അറബി നാടോടികളുടെ ഒരു ചെറു കുടിലായിരുന്നു അത്‌... വിശന്നു വലഞ്ഞ ഞങ്ങള്‍ക്ക് അവര്‍ വയറു നിറയെ ഒട്ടകത്തിന്ടെ പാലും, കാരക്കയും തന്നു. പിന്നീട്, ആംഗ്യ ഭാഷയില്‍ കൂരിരുട്ടിലൂടെ ഒരു ഒറ്റയടിപ്പാത കാണിച്ചു തന്നു... നേരം പുലരുമ്പോള്‍ ഒരു റോഡിലെത്തി. അവിടെ നിന്നും ഒരു യമനിയുടെ ട്രക്കില്‍
കയറി ദമ്മാമില്‍ ഇറങ്ങി...ഇപ്പോള്‍ ഇവിടെ റിയാദില്‍... "
"വല്ല കാപ്പിയോ, ചായയോ കഴിക്കണമെങ്കില്‍ ഇറങ്ങിക്കോളൂ..."
ഡ്രൈവര്‍ വണ്ടി നിര്‍ത്തി.
ഞങള്‍ ഇറങ്ങിയില്ല. ഒരുതരം ഭയം. ആ സീറ്റില്‍ അങ്ങനെ അല്ലി പിടിച്ചിരിക്കാന്‍ തോന്നി.
"ഇതിനിടയില്‍ നാട്ടിലേക്ക്...?"
മൂന്നു നാല്‌ തവണ പോയി.. ആദ്യത്തേത്, എന്റെ രണ്ടാമത്തെ പെങ്ങളുടെ നിക്കാഹിന്... അവര്‍,മൂന്ന് പേരുടെ വിവാഹവും നന്നായി നടന്നു... അവരൊക്കെ ഇന്ന് വല്യ നിലയിലുമെത്തി... രണ്ടാമത്തെ യാത്രയിലായിരുന്നു, എന്റെ വിവാഹം. ഇന്നത്തെപ്പോലെ ഫോണ്‍ ഒന്നുമില്ലല്ലോ... വല്ലപ്പോഴും വരുന്ന കത്തുകള്‍ മാത്രം... ബാപ്പയായ വിവരം കത്ത് വഴിയാണ് അറിഞ്ഞത്‌. മൂന്നാമത് നാട്ടിലെത്തിയപ്പോള്‍ മോള്‍ക്ക്‌ വയസ്സ് ആറ് കഴിഞ്ഞിരിക്കുന്നു...
വീണ്ടും ബാപ്പയായ വിവരവും കത്തുവഴി തന്നെയാണ് അറിയുന്നത്... അവനിപ്പോള്‍ കോളേജിലാണ്...
നമ്മളിവിടെ കഷ്ട്ടപ്പെട്ടാലും അവര്‍ നന്നായി ജീവിക്കട്ടെ... എന്റെ പുതിയ വീടിന്ടെ ഫോട്ടോ കാണണോ...?
ബാഗില്‍ നിന്നും ഒരു ഫോട്ടോയെടുത്തു അയാള്‍ എന്നെ കാണിച്ചു... മനോഹരമായ ഒരു വീട്...
"നേരിട്ട്, വീടും വീട്ടുകാരെയുമൊക്കെ കാണണമെന്നുണ്ട്. എനിക്കിവിടെ നിന്നും കിട്ടുന്ന ഈ ചെറുസംഖ്യ യാത്രക്കുപയോഗിച്ചാല്‍ ..... അവിടത്തെ കാര്യങ്ങളാകെ കുഴയും... "
വീണ്ടും ഫോണെടുത്തു അയാള്‍ വിളിക്കാന്‍ ശ്രമിച്ചു. അയാള്‍ കുറെ നേരം പുറത്തേക്ക് നോക്കിയിരുന്നു...

"അവിടെ ഇപ്പൊ,വല്യ തിരക്കായിരിക്കും... അതാ ആരും ഫോണ്‍ എടുക്കാത്തത്... ഇന്നെന്ടെ മോളുടെ നിക്കാഹാണേ..."
ഞങ്ങളുടെ സംഭാഷണം അവിടെ മുറിഞ്ഞു...
എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തില്‍ അയാളുടെ മുഖം അവ്യക്തമായി കാണുന്നുണ്ടായിരുന്നു... ആ കണ്ണുകള്‍,നിറഞ്ഞു ഒലിക്കുന്നതും....


ഇങ്ങനെ എത്ര പേരുണ്ടാകും ഈ മണലാരണ്യത്തില്‍.പ്രവാസത്തിന്റെ ഇരുണ്ട വേദനകള്‍ പേറി... ഇന്ന് പ്രവാസം എന്റെയും ജീവിതത്തിന്ടെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.. ഒന്നില്‍നിന്നും മറ്റൊന്നിലേക്കു പകര്‍ന്നുപോകുന്ന ഒരു യാത്രപോലെ അത്‌. പുതിയ പാഠങ്ങള്‍,പുതിയ അനുഭവങ്ങള്‍ , എന്നും ഓര്‍ത്തുവെക്കാനുള്ള കുറെ ഓര്‍മ്മകള്‍.

പ്രവാസമെന്നാല്‍ ഏകാന്തതയുടെ തടവാണെന്ന് ഓരോ പ്രവാസിയും പലപ്പോഴും തിരിച്ചറിയുന്നു.തൊട്ടടുത്തുള്ളവനെപ്പോലും അറിയാതെ ആരവങ്ങളിലലിഞ്ഞു സ്വയം ചിന്തയുടെ വല്‍മികങ്ങളില്‍ കൂടി അങ്ങനെ കടന്ന്...

ജീവിതത്തിന്ടെ അനിവാര്യതകള്‍ പ്രവാസികളാക്കിയപ്പോള്‍ മടക്കയാത്ര സ്വപ്നം കണ്ട്, യാന്ത്രികതയുടെ തടവറകളില്‍ ജീവിതം ഹോമിക്കുന്നവരായി ഓരോ പ്രവാസിയും മാറുന്നു.
കൊടും ചൂടിന്ടെ ആധിക്യം, അനന്തമായി പരന്നുകിടക്കുന്ന മരുഭൂമി. ചൂടുപിടിച്ച മണലും വായുവും.... കൃത്രിമ തണുപ്പിന്ടെ കുളിരില്‍ ആശ്വാസം കണ്ടെത്തുമ്പോഴാണ് ഓരോ പ്രവാസിയും തിരിച്ചറിയുന്നത്‌; മകര മാസക്കുളിരിനെയും,പുഴയോരത്തെ തെന്നലിനെയും താന്‍ എത്രമാത്രം പ്രണയിച്ചിരുന്നുവെന്ന്....

2 comments:

  1. ഇത് കഥയാണോ ,സംഭവമാണോ ?വായിച്ചിട്ട് വല്ലാതെ ഉള്ളു വിങ്ങുന്നു.
    എഴുത്ത് മുടക്കരുത് . തുടരൂ ....

    ReplyDelete
  2. നമ്മള്‍ അറിയാത്ത നിരവധി പേര്‍ പല വിധ കഷ്ടപ്പാടുകലുമായി ഇപ്പോഴും ഇവിടെ അലയുന്നു ...കാലം നമുക്കായ് കരുതി വെച്ചത് എങ്ങിനെ നമ്മളെ വിട്ടു പോകും ....(:...........

    ReplyDelete