ഏതൊരു മനുഷ്യ സ്നേഹിയേയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചില സംഭവങ്ങള്‍ക്ക് നമ്മുടെ കൊച്ചു കേരളം സാകഷ്യം വഹിക്കുകയുണ്ടായി. മത സൌഹാര്‍ദത്തിനു പേരുകേട്ട നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത്, അത് തല്ലിത്തകര്‍ക്കാന്‍ കരുതി കൂട്ടിയുള്ള ശ്രമങ്ങള്‍. തൊടുപുഴയില്‍ ആരാധനാലയത്തില്‍ നിന്നും മടങ്ങി വരികയായിരുന്ന കോളേജ് അദ്ധ്യാപകന്‍ ടി.ജെ.ജോസെഫിനെ അമ്മയുടെയും,സഹോദരിയുടെയും മുന്നില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ മാരകായുധങ്ങള്‍ കൊണ്ടു ആക്രമിക്കുകയും, അദ്ദേഹത്തിന്ടെ കൈ വെട്ടിമാറ്റുകയും ചെയ്തു. മതനിന്ദ അടങ്ങിയ ചോദ്യ പേപ്പര്‍ തെയ്യാറാക്കി എന്ന കേസില്‍ പ്രതിയാണ് ഈ അദ്ധ്യാപകന്‍. അതിന്ടെ പേരില്‍ അദ്ദേഹം ഇപ്പോള്‍ ജോലിയില്‍ നിന്നും സസ്പെന്‍ഷനിലാണ്. ചെയ്ത കുറ്റത്തിന് ക്രിമിനല്‍ കേസില്‍ നടപടികള്‍ നേരിടുന്നുമുണ്ട്.കുട്ടികള്‍ക്ക് മതേതരത്വ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുവാനും മതങ്ങളുടെതന്നെ ബഹുമാന്യത ബോധ്യപ്പെടുത്തിക്കൊടുക്കുവാനും ബാധ്യതയുള്ള ആളാണ് ഈ അദ്ധ്യാപകന്‍. അതിനു പകരം അദ്ദേഹം മതനിന്ദക്ക് തുനിഞ്ഞിട്ടുന്ടെങ്കില്‍ അത് അദ്ദേഹം ചെയ്ത അപരാധം തന്നെ. എന്നാല്‍ അത് വിചാരണ ചെയ്യാനും,ശിക്ഷ വിധിക്കാനുമെല്ലാം അധികാരം പക്ഷേ, നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍ക്കാണ്. നിയമത്തെ മറി കടക്കാനും നിയമ നടപടികള്‍ പൂര്‍ത്തിയാകും മുമ്പ് ശിക്ഷ വിധിച്ചു നടപ്പിലാക്കാനും ഒരു പറ്റം ആക്രമികള്‍ക്ക് ധൈര്യമുണ്ടായി എന്നതാണ് തൊടുപുഴ സംഭവത്തിലെ ഏറ്റവും ഗുരുതരമായ പ്രശ്നം.
ഈ സംഭവം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെയാണ് നിലമ്പൂരില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായത്. നിലമ്പൂര്‍- ഷോര്‍ണൂര്‍ പാസഞ്ചര്‍ വണ്ടിയുടെ ഇരുപത് സ്ഥലത്താണ് ബ്രേക്ക് പൈപ്പ് മുക്കാല്‍ ഭാഗത്തോളം മുറിച്ചത്. കേരളത്തില്‍ ഇത്രയും വലിയ ആസൂത്രിതമായ അട്ടിമറി ശ്രമം ഇത് ആദ്യമാണ്.അധ്യാപകന് നേരെ നടന്ന ആക്രമണവും, തീവണ്ടി അട്ടിമറിക്കാനുള്ള നീക്കവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാനുള്ള തെളിവുകളൊന്നും ഇതു വരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ മനുഷ്യത്വ ഹീനമായ ആക്രമണങ്ങളും, കൂട്ടക്കൊലകളും ആസൂത്രിതമായി സംഘടിപ്പിക്കുവാന്‍മടിയില്ലാത്ത ശക്തികള്‍ പ്രവര്‍ത്തിക്കുന്നു എന്ന് സംശയ രഹിതമായി തെളിയിക്കുന്നതാണ് ഈ രണ്ടു സംഭവങ്ങളും. മത സൌഹാര്‍ദം തകര്‍ക്കാന്‍ മനപൂര്‍വ്വമുള്ള ഗൂഡാലോചനകള്‍ നാട്ടില്‍ അവിടെയുമിവിടെയും നടക്കുന്നുണ്ട്. മതത്തിന്ടെ പേരില്‍ അതിന് വിദേശത്തു നിന്നുപോലും പണവും, പിന്തുണയുമെത്തുന്നു. ആയുധ പരിശീലനവും വിഷലിപ്തമായ ആശയ പ്രചാരണവും നടത്തി നാടിനെ അശാന്തിയിലേക്ക് നയിക്കുന്ന സംഘടനകള്‍ക്ക് പ്രോത്സാഹനമോ, സംരക്ഷണമോ നല്‍കുന്നവരും, സഹായം സ്വീകരിക്കുന്നവരും മനസ്സിരുത്തി ചിന്തിക്കേണ്ട ഘട്ടമാണിത്. രാജ്യത്തിന്ടെ മറ്റു പല ഭാഗത്തും ഭീകരാക്രമണങ്ങളും ദുരന്തങ്ങളും അരങ്ങേറുമ്പോഴും ഏറെക്കുറെ ശാന്തമായ സംസ്ഥാനമായിരുന്നു കേരളം. ഇന്നാട്ടിലെ മത നിരപേക്ഷതയും, സൌഹാര്‍ദ്ദവും, സമാധാനവും തകര്‍ക്കാനുള്ള ഏത് നീക്കത്തെയും സര്‍വ്വ ശക്തിയുമെടുത്ത് തോല്‍പ്പിക്കേണ്ടതാണ്. സമൂഹത്തെ മതപരമായും സാമുദായികമായും വേര്‍തിരിക്കാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ സങ്കുചിതവും, ആത്മഹത്യാപരവുമായ ശ്രമങ്ങളെ തുറന്നെതിര്‍ക്കാനും പ്രതിരോധിക്കാനും വിശ്വാസികളും, മതേതര സമൂഹവും ഒന്നാകെ ഉണരണം. കാരുണ്യവും, സഹ ജീവികളോടുള്ള സ്നേഹവുമാണ് എല്ലാ മതങ്ങളും മുന്നോട്ടു വെക്കുന്നത്.
യഥാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും ഒരു വര്‍ഗ്ഗീയവാദിയാകാനോ, തീവ്രവാദ പ്രവര്‍ത്തനം ഏറ്റെടുക്കുവാനോ കഴിയില്ല.
വിശ്വാസത്തിന്ടെ മറവില്‍ വിശ്വാസികളെ വര്‍ഗ്ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് വഴി തെറ്റിക്കാനും അവരെ വീടിനും, നാടിനും കൊള്ളരുതാത്തവരാക്കി മാറ്റുകയും ചെയ്യുന്ന പ്രവര്‍ത്തനം ഏത് ഭാഗത്തു നിന്നായാലും അത് ചെറുക്കപ്പെടെണ്ടാതാണ് .
സാമുദായിക മൈത്രിയുടെ ഊടും പാവും മുറിയുന്നുവെങ്കില്‍ അത് കൂട്ടിച്ചേര്‍ക്കാന്‍ സമുദായ-മത സംഘടനകളും നേതാക്കളും മുന്‍കൈ എടുക്കണം.ഓരോ ചെറിയ ചലനത്തിനും പിന്നില്‍ വലിയ അപകടത്തിന്ടെ സൂചനകള്‍ ഒളിക്കുന്നുണ്ട് എന്ന് കണ്ണ് തുറന്നു കാണാന്‍ പോലീസും, രഹസ്യാന്വേഷകരും തയ്യാറാവണം. ഭരണാധികാരികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അരാജകത്വത്തിലേക്ക് വഴി തുറക്കാനാണ് തൊടുപുഴയിലെ അധ്യാപകനും, അദ്ദേഹത്തോട് പക വീട്ടിയവരും തുനിഞ്ഞത്. യാതൊരു മാര്‍ദവവുമില്ലാതെ നാം നേരിട്ടേ മതിയാവൂ ഇത്തരം പ്രവണതകളെ.